Monday, May 7, 2007

പെയ്യാതെ പോയ മഴ

ഇനി നീ വരില്ലെന്നറിയാം
വന്നാലുമത് നീയല്ലെന്നറിയാം
കാലത്തിന്‍ നരവീണ ചട്ടയില്‍
നീയൊരു ചിതല്‍ വീണ ചിത്രമായ്
സ്വപ്നങള്‍ നിറഞ്ഞൊരീ മീ‍ഴികളില്‍
മൗനമൊരു നനുത്ത പാടയായ്

മഴ കാത്ത മനസ്സില്‍ നീ
പെയ്യുന്ന സ്വപ്നമായ്
ചലനത്തിനൂര്‍ജ്ജമായ്
എഴുതാത്ത കവിതയായ്
നിഴല്‍ വീണ വഴികളില്‍
നിന്‍ പാദപതനങ്ങള്‍
നിന്‍ കളിവാക്കുകള്‍
നിന്‍ ചിരിയൊച്ചകള്‍

പെയ്യാനൊരുങ്ങുമീ മഴയില്‍ നീ
നിറയുന്ന താളമായ് ഗാനമായ്
ഒടുവില്‍ നീ പിരിയവേ
പെയ്തതില്ലിനിയും മഴയെന്ന്

ഓര്‍ക്കാതെയോര്‍ത്തു ഞാന്‍
മറക്കാന്‍ ശ്രമിക്കിലും
മനസ്സിന്റെയറകളില്‍
നിലക്കാത്ത താളമായ്
മൗനത്തിനര്‍ത്ഥമായ്
എന്നിലെ ഞാനായി നിറയുന്നു നീ
വ്യര്‍ഥമീ വാക്കുകള്‍ക്കിടയില്‍
മൗനം ശുന്യത നിറക്കവേ
മനസ്സിന്റെ ജാലകം തള്ളിത്തുറന്നു നീ
പെയ്യാനൊരുങ്ങുന്ന മഴയായ്

വരണ്ടുണങ്ങിയീ മണ്ണില്‍
തളര്‍ന്നു മയങ്ങുമീപൂക്കള്‍
വീണ്ടും തളിര്‍ക്കാന്‍ മോഹിക്കവേ
നിറയുന്നതെന്നിലിതുമാത്രം
ആരായിരുന്നു നീ എന്നില്‍
പെയ്യാതെ പോയ മഴയൊ ?

5 comments:

കണ്ണൂരാന്‍ - KANNURAN said...

ബൂലോഗത്തേക്ക് സുസ്വാഗതം... കവിത നന്നായിരിക്കുന്നു... വീണ്ടും എഴുതുക... ആശംസകള്‍...

G.MANU said...

Swagatham deepa...good lines...
keep going

ദൃശ്യന്‍ said...

നല്ല തുടക്കം ഗീത.
കൂടുതലെഴുതുക.

സസ്നേഹം
ദൃശ്യന്‍

ദീപ said...

ഗീതയല്ല ദൃശ്യാ ഇതു ദീപയാണ്. എല്ലാവരുടെയും പ്രോ‌‌ത്സാഹനങ്ങള്‍‌ക്കു നന്ദി

കരീം മാഷ്‌ said...

ദീപക്കു സ്വാഗതം