Friday, May 18, 2007

അര്‍ദ്ധവിരാമം

നിഴലായ് മാറിയൊരഴലിന്റെ നെറുകയില്‍
നീറുന്ന മൗനത്തില്‍ നിറയുന്ന ഓര്‍മ്മയില്‍
കാറ്റിന്റെ കാണാത്ത കയ്യുകള്‍ താളംപിടിക്കവേ
കരളിലെ കനലുകള്‍ നിദ്രവിട്ടുണരുന്നു
ഉയരുന്ന പുകയില്‍ തെളിയും വെളിച്ചത്തില്‍
ഉണരുന്നു നിന്മുഖം നിനവിലെ കനവായി
ഉള്ളിലെ മൗനത്തിനര്‍ദ്ധവിരാമമായ്
ഉയരുന്നു നിന്‍മൃദുക്കൊലുസിന്‍ കിലുക്കങ്ങള്‍
അണയുന്നിതെന്‍ മുന്നില്‍ നീ മൃദുസ്മേരയായ്
അനുവാദം തേടാതെന്നരുമയാം അതിഥിയായ്

Monday, May 7, 2007

പെയ്യാതെ പോയ മഴ

ഇനി നീ വരില്ലെന്നറിയാം
വന്നാലുമത് നീയല്ലെന്നറിയാം
കാലത്തിന്‍ നരവീണ ചട്ടയില്‍
നീയൊരു ചിതല്‍ വീണ ചിത്രമായ്
സ്വപ്നങള്‍ നിറഞ്ഞൊരീ മീ‍ഴികളില്‍
മൗനമൊരു നനുത്ത പാടയായ്

മഴ കാത്ത മനസ്സില്‍ നീ
പെയ്യുന്ന സ്വപ്നമായ്
ചലനത്തിനൂര്‍ജ്ജമായ്
എഴുതാത്ത കവിതയായ്
നിഴല്‍ വീണ വഴികളില്‍
നിന്‍ പാദപതനങ്ങള്‍
നിന്‍ കളിവാക്കുകള്‍
നിന്‍ ചിരിയൊച്ചകള്‍

പെയ്യാനൊരുങ്ങുമീ മഴയില്‍ നീ
നിറയുന്ന താളമായ് ഗാനമായ്
ഒടുവില്‍ നീ പിരിയവേ
പെയ്തതില്ലിനിയും മഴയെന്ന്

ഓര്‍ക്കാതെയോര്‍ത്തു ഞാന്‍
മറക്കാന്‍ ശ്രമിക്കിലും
മനസ്സിന്റെയറകളില്‍
നിലക്കാത്ത താളമായ്
മൗനത്തിനര്‍ത്ഥമായ്
എന്നിലെ ഞാനായി നിറയുന്നു നീ
വ്യര്‍ഥമീ വാക്കുകള്‍ക്കിടയില്‍
മൗനം ശുന്യത നിറക്കവേ
മനസ്സിന്റെ ജാലകം തള്ളിത്തുറന്നു നീ
പെയ്യാനൊരുങ്ങുന്ന മഴയായ്

വരണ്ടുണങ്ങിയീ മണ്ണില്‍
തളര്‍ന്നു മയങ്ങുമീപൂക്കള്‍
വീണ്ടും തളിര്‍ക്കാന്‍ മോഹിക്കവേ
നിറയുന്നതെന്നിലിതുമാത്രം
ആരായിരുന്നു നീ എന്നില്‍
പെയ്യാതെ പോയ മഴയൊ ?